Saturday, June 5, 2010

ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത കഥകള്‍

ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത കഥകള്‍

പി.കെ. പാറക്കടവ്
Wednesday, June 2, 2010
കടംവാങ്ങിയ ദര്‍ശനങ്ങളില്‍ മിനുങ്ങിനടന്ന നമ്മുടെ ആധുനിക എഴുത്തുകാര്‍ കൊണ്ടാടപ്പെട്ടപ്പോള്‍ മനുഷ്യന്റെ ദാരിദ്യ്രവും രോഗവും ഏകാകിതയുമൊക്കെ വിഷയമാക്കി എല്ലുറപ്പുള്ള കഥകളെഴുതിയ കോവിലനെ മലയാളികള്‍ വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?

ഏതാണ്ട് കാല്‍നൂറ്റാണ്ടോളം പട്ടാളത്തിലായിരുന്നു കോവിലന്‍. പച്ചയായ മനുഷ്യനും അവന്റെ പങ്കപ്പാടുകളുമായിരുന്നു കോവിലന് വിഷയം. വിശപ്പ് രചനയുടെ മുഖ്യ പ്രശ്നമായെടുക്കുമ്പോഴും കോവിലന്‍ പറഞ്ഞു: 'എന്റെ കഥാപാത്രങ്ങള്‍ ദാരിദ്യ്രം കൊണ്ട് കരഞ്ഞിരിക്കുന്നവരല്ല. അവര്‍ക്ക് നിവര്‍ന്നുനിന്ന് ജീവിക്കാന്‍ തടസ്സം ദാരിദ്യ്രമായിരുന്നു എന്നേയുള്ളൂ. ഞാനൊരിക്കലും പട്ടിണിപ്പാട്ട് പാടിയിട്ടില്ല.'

മറ്റാര്‍ക്കും എഴുതാനാവാത്ത വ്യത്യസ്തമായ അനുഭവമാണ് കോവിലന്‍ കഥകളില്‍ വരച്ചിട്ടത്. നമുക്ക് അപരിചിതമായ ചുറ്റുപാടുകള്‍ കോവിലന്‍ ചിത്രീകരിച്ചു. പക്ഷേ, അത് ജീവിതത്തില്‍നിന്ന് പറിച്ചെടുത്തതായിരുന്നു 'പര്‍വതത്തില്‍ ഓരോ പ്രഭാതവും വ്യത്യസ്തമായിരുന്നു. ഇന്നലെ കണ്ട ദൃശ്യമോ വര്‍ണഭംഗികളോ ഇന്ന് കാണുന്നില്ല. കാറ്റുപോലും ഉറങ്ങിക്കിടക്കുമ്പോള്‍ കുളിരിന്റെ പല്ലുകളും വളര്‍ന്നിട്ടുണ്ടാവില്ല''. (ഒരു പ്രതികാരത്തിന്റെ കഥ). കോവിലന്‍ കഥകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നു. നരപടരുന്ന താടിയില്‍ ചൊറിയുകയും തേയുന്ന മഞ്ഞപ്പല്ലുകളില്‍ ചിരിക്കുകയും ചെയ്യുന്ന സുബേദാര്‍മാരെയും പെട്രോമാക്സിന്റെ തീക്ഷ്ണപ്രഭയില്‍ എരിഞ്ഞും കരിഞ്ഞും നില്‍ക്കുന്ന സുഭദ്രമാരെയും കയ്യാലയുടെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് മാറത്തെ നരച്ച രോമങ്ങള്‍ നുള്ളിയെടുക്കുന്ന നരച്ച മുത്തച്ഛന്മാരെയും നാം കണ്ടുമുട്ടുന്നു.

കരളും വികാരവും തലച്ചോറും വിവേചനശീലവുമുള്ള മനുഷ്യനോട് പട്ടിണിയും തണുപ്പും കൊണ്ട് മരിച്ച ഒരു പാവപ്പെട്ടവനെപ്പറ്റി പറയുകയാണ് 'നഗരത്തിന്റെ നിഴല്‍' എന്ന കഥയില്‍. മനുഷ്യന് പേ പിടിച്ച് ഒരു രാജ്യം പകുത്ത് രണ്ടാക്കിയ ഒരു കാലത്തിന്റെ കഥകൂടിയാണിത്.

നനുത്ത ഭാഷയില്‍ മോഹത്തിന്റെയും മോഹഭംഗത്തിന്റെയുമൊക്കെ കഥകള്‍ പറയുന്നവര്‍ക്കിടയില്‍ ഒരു കഷണം അസ്ഥിയാണ് ഇക്കഥാകാരന് കാണിച്ചുതരാനുള്ളത്. മകന്‍ കുഴിച്ചെടുക്കുന്ന ഒരു അസ്ഥിക്കഷണത്തില്‍ ഒരു വൃദ്ധന്റെ പോയകാലത്തെ പ്രണയത്തിന്റെ ഓര്‍മകളുണ്ട്. മറച്ചുവെച്ച ഭൂതകാലമുണ്ട്. ആ ഓര്‍മകളില്‍, ഭൂതകാലത്തില്‍ മുഖം കുത്തിവീണ് വൃദ്ധന്‍ ഒടുങ്ങുന്നു. 'പിന്നീട് കുളിപ്പിക്കാന്‍ എടുത്തുകിടത്തിയപ്പോള്‍ കിടക്കവിരി എടുത്തുമാറ്റിയ ആരോ ഒരു പൊതി എനിക്ക് കൊണ്ടുതന്നു. നനുത്ത വെള്ളക്കടലാസില്‍ ചിരട്ടയുടെ അടിയോളം പോന്ന ആ അസ്ഥിശകലമുണ്ട് കിടക്കുന്നു! അതോടെ ഒരു കുറിപ്പും. 'ഞാന്‍ മരിച്ചാല്‍ എന്നോടൊപ്പം ഈ അസ്ഥി മറവ് ചെയ്യണം. അവള്‍ ചേര്‍ന്ന മണ്ണിലല്ലെങ്കിലും അവളുടെ ശരീരത്തോടു ചേര്‍ന്ന് മണ്ണാകാന്‍ ഇടവന്നല്ലോ'.
'ഒരു കഷണം അസ്ഥി' വായിക്കുമ്പോള്‍ മലയാളത്തിലെ എല്ലുറപ്പുള്ള നല്ല ഒരു കഥയിതാ എന്ന് നമുക്ക് പറയാനാകും.

ഞെട്ടിക്കുന്ന പരുക്കന്‍യാഥാര്‍ഥ്യത്തിന്റെ കഥയാണ് 'നാലുരൂപ'. അച്ഛന്‍, അമ്മ, മകള്‍, കോണ്‍ട്രാക്ടര്‍ എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഥ തുടങ്ങുമ്പോള്‍ തന്നെ ഇങ്ങനെ വായിക്കാം. 'ഇവര്‍ക്ക് നാട്ടുനടപ്പുള്ള പേരുകള്‍ കഥയില്‍ പരാമര്‍ശിക്കപ്പെടില്ല. പേരുകള്‍ വരുമ്പോള്‍ ജീവിതം മങ്ങിപ്പോകുന്നു'. ജീവിതത്തിന്റെ മുള്ളുമുനകളില്‍ പിടയുന്ന ഒരച്ഛന്റെ കഥയാണിത്.

കോവിലന്‍ കഥകളില്‍ നമുക്കപരിചിതമായ ഒരുപാടിടങ്ങള്‍ കേരളത്തിനപ്പുറം ഇന്ത്യനവസ്ഥ അനുഭവിപ്പിക്കുന്ന രചനകള്‍. 'മരണമില്ലാത്ത മനുഷ്യന്‍' എന്ന കഥയിലെ രാമചന്ദ്രന്‍ കൊടുങ്കാടുകളില്‍ താമസിക്കുന്ന ഭാഷയറിയാത്ത ഒരാദിവാസി യുവതിയില്‍നിന്നാണ് സ്നേഹത്തിന്റെ പരമമായ അര്‍ഥമറിയുന്നത്. തികച്ചും നമുക്കപരിചിതമായ പട്ടാള ജീവിതത്തിനിടയില്‍ കണ്ടുമുട്ടുന്ന ബന്ധങ്ങളുടെ കഥ പറയുമ്പോഴും മനുഷ്യന്‍ എല്ലായിടത്തും ഒരുപോലെയാണെന്ന് നാമറിയുന്നു.

'ഓര്‍മകള്‍' എന്ന കഥയില്‍ പെണ്ണിന്റെ ദൈന്യമുഖം നമുക്ക് ദൃശ്യമാകും. വാഴയുടെ  പോള തിളപ്പിച്ച് കഴിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഷ്ടപ്പാടിന്റെ അടിത്തട്ട് ഇക്കഥയിലുണ്ട്. വറുതിയുടെയും ഇല്ലായ്മയുടെയും ചിത്രം വരച്ചിടുകയാണിവിടെ കോവിലന്‍.

തലയില്‍ കവിതയും കരളില്‍ വേദനയും വയറ്റില്‍ വിശപ്പുമായി നടന്ന സഹദേവന്റെ കഥയാണ് 'പുതിയ കവിത'. കൊള്ളിക്കിഴങ്ങു മാന്തിത്തിന്ന് വിശപ്പടക്കിയ കളിക്കൂട്ടുകാരി ജാനമ്മയെ മുമ്പ് അപമാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ അവളുടെ അച്ഛന്‍ വെച്ച പിലാവില്‍നിന്ന് പഴുത്ത ചക്ക കട്ടുതിന്നേണ്ടിവന്നിരിക്കുന്നു. വിശപ്പിനുശേഷമേ കവിതയുള്ളൂവെന്ന് കോവിലന്‍ പറയുന്നു.
കോവിലന്റെ കഥകള്‍ വായിക്കുമ്പോള്‍ ദാരിദ്യ്രവും രോഗവും കഷ്ടപ്പാടുകളുമൊന്നും നാടുനീങ്ങിയിട്ടില്ല എന്ന് നാം അറിയുന്നു.
അലസ വായനയില്‍ തള്ളാനുള്ളതല്ല കോവിലന്‍ കഥകള്‍. അതുകൊണ്ടാണ് ഓടുന്ന തീവണ്ടിയില്‍നിന്നും കരയുന്ന കുഞ്ഞുങ്ങളുള്ള വീട്ടില്‍നിന്നും കോവിലന്റെ കഥകള്‍ വായിക്കരുതെന്ന് പ്രശസ്തനായൊരെഴുത്തുകാരന്‍ പണ്ടേ പറഞ്ഞത്.

ജീവിതത്തിന്റെ മുള്ളുമുനകളില്‍ പിടയുന്നവരുടെ എല്ലുറപ്പുള്ള കഥകളാണ് കോവിലന്റേത്. വറുതിയും ഇല്ലായ്മയും ഇന്ത്യനവസ്ഥയുമൊക്കെ ചിത്രീകരിക്കുന്ന ഈ എഴുത്തുകാരന്‍ വിശപ്പിനുശേഷം മാത്രമേ കഥയും കവിതയുമുള്ളൂ എന്ന് വിശ്വസിക്കുന്നു.

No comments: