മമതയുടെ അട്ടിമറി വിജയം
Wednesday, June 2, 2010
മൂന്ന് ദശകത്തിലേറെയായി സംസ്ഥാന ഭരണം കൈയടക്കിവെച്ചിരിക്കുന്ന സി.പി.എമ്മിനോടും കേന്ദ്രം ഭരിക്കുന്ന യു.പി.എ മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിനോടും ഒരേ സമയം പൊരുതി നേടിയ ഈ വിജയം തിളക്കമാര്‍ന്നത് എന്നതിനപ്പുറം പശ്ചിമ ബംഗാള്‍ രാഷ്ട്രീയ ഭൂമികയെ തന്നെ അട്ടിമറിച്ചു എന്ന വിശേഷണം അതിശയോക്തിയാവില്ല. ഏറെ ശ്രദ്ധാ കേന്ദ്രമായിരുന്ന കൊല്‍ക്കത്ത നഗരസഭാ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലമാണ് മമതക്ക് താരശോഭ പകരുന്നത്. ആകെയുള്ള 141 സീറ്റില്‍ 75 സീറ്റുകള്‍ നേടി ഭരണം നടത്തുന്ന സി.പി.എമ്മിന് ഇത്തവണ ഇവിടെ മേല്‍വിലാസം നഷ്ടപ്പെട്ടു എന്നു പറയാം. 33 വാര്‍ഡുകളില്‍ ഭരണ കക്ഷിയുമായി നേര്‍ക്കുനേരെയും ശേഷിക്കുന്ന ഇടങ്ങളില്‍ ഇവര്‍ക്കു പുറമെ കോണ്‍ഗ്രസിനോടും പൊരുതി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ തൃണമൂല്‍ ശരിക്കും ഒരു വെട്ടിനിരത്തല്‍ തന്നെയാണ് നടത്തിയത്. ഇതിലേറെ പരിക്കു പറ്റിയത് സി.പി.എമ്മിനാണെങ്കിലും കോണ്‍ഗ്രസിന്റെയും കണ്ണു തുറപ്പിക്കേണ്ട പ്രഹരമാണിത്.
കൊല്‍ക്കത്ത മാത്രമല്ല, തൊട്ടടുത്ത പ്രദേശവും മറ്റൊരു അഭിമാന പ്രശ്നവുമായിരുന്ന ബിദാനഗറും മമതക്കൊപ്പമാണ് നിന്നത്. 'ഉപ്പു നഗരം' എന്ന പേരിലറിയപ്പെടുന്ന അവിടെയും മറ്റാരുടെയും 'കൈ'ത്താങ്ങില്ലാതെ ഭരിക്കാന്‍ മാത്രം ജനപിന്തുണ നേടിയെന്നത് 'ലൊട്ടുലൊടുക്കു' ന്യായങ്ങള്‍ പറഞ്ഞ് ചെറുതായിക്കാണാന്‍ ശ്രമിക്കുന്നത് വസ്തുതകളോട് പുറംതിരിഞ്ഞു നില്‍ക്കലാവും. ചുവപ്പ് വര ഭേദിച്ച് അല്‍പം വലത്തോട്ടേക്കുള്ള ഈ ചുവടുമാറ്റം ഇത്ര കനത്ത തോതിലല്ലെങ്കിലും നേരത്തേതന്നെ കണ്ട് തുടങ്ങിയതാണ്. കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് ഒരു വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലുമൊക്കെ ഇത് 'അപകട സൂചന' കാണിച്ചിരുന്നതാണ്. ഉരുള്‍പൊട്ടലിന്റെ ഊക്കോടെ പ്രതിഫലിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം.
തെരഞ്ഞെടുപ്പിന്റെ 'ട്രന്റ്' അറിവായപ്പോള്‍ തന്നെ പ്രതികരിക്കാനും മമതയെ അഭിനന്ദിക്കാനും രംഗത്തു വന്നവരില്‍ മുമ്പന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രണബ് മുഖര്‍ജിയാണെന്ന കാര്യം ശ്രദ്ധേയമാണ്. ജനവിധി വിശദമായ വിലയിരുത്തലിന് സമയമായിട്ടില്ലെങ്കിലും പാര്‍ട്ടിക്കേറ്റ പരാജയം വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച പ്രണബിന്റെ വാക്കുകള്‍ ഒരു വീണ്ടു വിചാരത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചെങ്കില്‍ അത്രയും നന്ന്. മമതയുടെ കളി കാണുന്നതില്‍ പരാജയപ്പെടുകയും ചുളുവില്‍ കാര്യം ഒപ്പിച്ചെടുക്കാമെന്ന് മനഃപായസമുണ്ണുകയും ചെയ്ത കോണ്‍ഗ്രസിന്റെ അതിബുദ്ധിക്ക് അവര്‍ നല്‍കിയ കനത്ത പ്രഹരമായി മാറി മല്‍സര ഫലം.
ഏതായാലും ഇത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് രാഷ്ട്രീയ വിശാരദന്മാര്‍ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. അതേസമയം, ഇനി ഒട്ടും കാത്തിരിക്കാതെ സഭ പിരിച്ചുവിട്ട് ഉടനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന മമതയുടെ ആവശ്യം നിലനില്‍ക്കത്തക്കതും അര്‍ഹിക്കുന്നതും തന്നെ. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഈ ജനവിധി മമതക്ക് ലഭിച്ച 'പോസിറ്റീവ്' വോട്ടുകള്‍ മാത്രമായി കരുതുന്നത് യുക്തിഭദ്രമായിരിക്കില്ല.
തൊഴിലില്ലായ്മയും ദാരിദ്യ്രവും കഷ്ടപ്പാടും കൊടികുത്തി വാഴുന്ന ഒരു നാട്ടില്‍ ആ പാവങ്ങളുടെ കണ്ണീര്‍ വോട്ടാക്കി മാറ്റി അധികാരമേറുക മാത്രമല്ല, കാല്‍ നൂറ്റാണ്ടിലേറെ കാലം അധികാരം കൈയടക്കിവെച്ചിട്ടും കോരന് കുമ്പിളില്‍ പോലും കഞ്ഞി കിട്ടിയില്ല എന്നതായിരുന്നു അവസ്ഥ. അധികാരവും അര്‍ഥവും സ്വന്തമാക്കിയപ്പോള്‍ അതുവരെ കൂടെയുണ്ടായിരുന്ന അധ്വാനിക്കുന്നവരും അശരണരും വേണ്ടാതായി. വിപ്ലവം വ്യവസായവത്കരണത്തിന് വഴിമാറുകയും കാടും മേടും മൂലധന ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളും ദലിത്^ആദിവാസി ഗോത്രവര്‍ഗങ്ങളും പിറന്ന മണ്ണില്‍നിന്നും പണിയെടുത്തു വരുന്ന പാടശേഖരങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. സിംഗൂരും നന്ദിഗ്രാമും ഒക്കെ ചാരം മൂടിക്കിടക്കുന്ന തീക്കനലായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ്ഫലം വിളിച്ചുപറയുന്നത്. പതിനായിരങ്ങളുടെ കണ്ണീര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അതേക്കുറിച്ച് പറയുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്നവരെ 'തീവ്രവാദികള്‍' മുതല്‍ നിഘണ്ടുവില്‍ ലഭ്യമായ എല്ലാവിധ കുത്തുവാക്കുകളുമുപയോഗിച്ച് നിശãബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ പ്രതികാരം ബാലറ്റ് യുദ്ധത്തിലൂടെ അവര്‍ വീട്ടിയെങ്കില്‍, കാരണം വേറെ തിരഞ്ഞ് സമയം കളയേണ്ടതില്ല. കാലത്തിന്റെ കണ്ണാടി സ്വന്തം മുഖത്തിന് നേരെ തിരിച്ചുപിടിച്ചാല്‍ മതി. അപ്പോള്‍ കാണാം വികൃത രൂപം.
കൊല്‍ക്കത്ത പോലെ ജനസാന്ദ്രമായ നഗരത്തിലെ ചേരികളിലും ചേറുകളിലും അര്‍ധ പട്ടിണിയും മുഴുപട്ടിണിയുമായി കുരച്ചു തുപ്പിയും ഊര്‍ധ്വശ്വാസം വലിച്ചും കഴിയുന്ന പരസഹസ്രം പാവങ്ങളില്‍ നല്ല പങ്ക് പിന്നാക്ക ന്യൂനപക്ഷങ്ങളില്‍പെട്ടവരാണെന്നിരിക്കെ അവരും ഇത്തവണ ചിഹ്നം മാറ്റിക്കുത്തിയെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍, സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നായി വന്‍ തോതിലുള്ള കൊഴിഞ്ഞുപോക്ക് സി.പി.എമ്മിന് നേരിടേണ്ടി വന്നു എന്ന കാര്യത്തില്‍ സംശയമില്ല. തൊഴിലാളി പ്രസ്ഥാനം അധികാരത്തിന്റെ രണ്ട് നാള്‍ കൊണ്ട് കൂടുതല്‍ മുന്തിയ മുതലാളി പ്രസ്ഥാനമായി മാറി എന്നതാണ് അനുഭവ യാഥാര്‍ഥ്യം. ഇത് ബംഗാളിന്റെ മാത്രം അവസ്ഥയല്ല. കേരളത്തിലും ഇതേ വഴിക്ക് തന്നെയാണ് ആ പാര്‍ട്ടി തേര് തെളിക്കുന്നത് എന്ന ആരോപണത്തിന് അടിവരയിടുന്നതാണ് സംഭവങ്ങളോരോന്നും. ഒരു വീണ്ടുവിചാരത്തിനും പുനര്‍വായനക്കും ബംഗാള്‍ മോഡല്‍ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചോദനമായില്ലെങ്കില്‍ അവിടം മാത്രമല്ല ഇവിടെയും ഫലം മറ്റൊന്നായിരിക്കില്ല. തരംപോലെ ജാതി കാര്‍ഡ് മുതല്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനംവരെ ഇറക്കിയും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ വെറുപ്പിച്ചും കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് മനഃപായസമുണ്ണുന്നുവെങ്കില്‍, തെറ്റി എന്നേ പറയാനുള്ളൂ.
ബംഗാളിന്റെ മനസ്സറിഞ്ഞ് പാടവത്തോടെ ചുവടുവെക്കാന്‍ മറന്നു പോയാല്‍ ഇപ്പോഴത്തെ തരംഗം ഒരു ഉഷ്ണക്കാറ്റായി തൃണമൂലിനെയും പിടികൂടാതിരിക്കില്ല എന്ന് മമതയും മനസ്സിലാക്കിയാല്‍ നന്ന്.
No comments:
Post a Comment