Saturday, June 5, 2010

പുത്തനുടുപ്പും പുസ്തകവും വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍ ഇന്നും പണിയിടത്തിലേക്ക്

പുത്തനുടുപ്പും പുസ്തകവും വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍ ഇന്നും പണിയിടത്തിലേക്ക്

Wednesday, June 2, 2010
നടുവില്‍: പുത്തന്‍ യൂനിഫോമണിഞ്ഞ് ബാഗും കുടയും പുസ്തകങ്ങളുമെടുത്ത് കുട്ടികളെല്ലാം പുതു അധ്യയനദിവസമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ കോട്ടയംതട്ട് ആദിവാസിക്കോളനിയിലെ കുട്ടികള്‍ക്ക് ഇതൊക്കെ കണ്ടുനില്‍ക്കാന്‍ മാത്രം വിധി. ഇവര്‍ ദിനംപ്രതി പോകുന്ന പണിയിടത്തിലേക്ക് തന്നെ ഇന്നും പോകും.
നടുവില്‍ പഞ്ചായത്തില്‍പെട്ട ഈ കോളനിയിലെ ബഹുഭൂരിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്. ചില കുട്ടികള്‍ രണ്ടാംക്ലാസ് വരെ പോയപ്പോള്‍ മറ്റുചിലര്‍ മൂന്ന് വരെയും അപൂര്‍വം ചിലര്‍ എട്ടുവരെയും പോയവര്‍. എസ്.എസ്.എല്‍.സി വരെ പഠിച്ച ആരും കോളനിയിലില്ല.
തുരുമ്പി ഗവ. എല്‍.പി സ്‌കൂള്‍, പുലിക്കുരുമ്പ ഹൈസ്‌കൂള്‍, കുടിയാന്മല സ്‌കൂള്‍ തുടങ്ങിയവ സമീപപ്രദേശങ്ങളില്‍തന്നെ ഉണ്ടായിട്ടും കുട്ടികളുടെ പാതിവഴിയിലുള്ള പഠനം ഉപേക്ഷിക്കലിന്റെ കാരണമന്വേഷിച്ച് ആരും ഇതുവരെ എത്തിയിട്ടില്ല.
പഠനം നിര്‍ത്തിയവരില്‍ ഭൂരിഭാഗവും കൂലിവേലക്ക് പോവുകയാണ്.  50ഉം 30ഉം രൂപ കൂലിക്ക് കാട് തെളിക്കല്‍, പുല്ലരിയല്‍ തുടങ്ങിയ നാടന്‍ പണികള്‍ക്കാണ് കുട്ടികള്‍ പോകുന്നത്. ചില കുട്ടികള്‍ അമ്മമാര്‍ ജോലിക്ക് പോവുമ്പോള്‍ ചെറിയ കുട്ടികളെ പരിചരിക്കാന്‍ വീട്ടില്‍ നില്‍ക്കുന്നു.
കോളനിയിലെ കല്ലാ ശാന്തയുടെയും കുമാരന്റെയും മകള്‍ ആതിര 2007ല്‍ അഞ്ചാംതരത്തില്‍ പഠനം നിര്‍ത്തി ഇപ്പോള്‍ കൂലിപ്പണിക്ക് പോവുകയാണ്. മോഹനന്റെ മകള്‍ സിന്ധു കഴിഞ്ഞ അധ്യയനവര്‍ഷമാണ് അഞ്ചാം തരത്തില്‍ മൂന്നുമാസം മാത്രം പോയി പഠനം നിര്‍ത്തിയത്. കല്ലാ കല്യാണിയുടെ മകള്‍ സുകന്യ (12) തുരുമ്പി യു.പി സ്‌കൂളില്‍ പഠനം നിര്‍ത്തി. ചേമ്പില്‍ നാരായണന്റെ മക്കളായ വിന്‍സി പുലിക്കുരുമ്പ സ്‌കൂളില്‍വെച്ച് എട്ടാംതരത്തിലും ഷൈനി ഏഴാം ക്ലാസിലും സിന്ധു അഞ്ചാം ക്ലാസിലും സിനി ഏഴിലും പഠനം നിര്‍ത്തി. ഈ കുട്ടികളും വിവിധ ജോലികള്‍ക്കായി പോകുകയാണ്.
കല്യാണി കല്ലയുടെ 15 വയസ്സുള്ള മകന്‍ സുധീഷ് എട്ടാം ക്ലാസിലും 12 വയസ്സുള്ള സുകന്യ തുരുമ്പി യു.പി സ്‌കൂളില്‍നിന്ന് രണ്ടാം ക്ലാസിലും പഠനം നിര്‍ത്തി. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ ഈ കോളനിയില്‍ നിരവധിയാണ്.
അടിസ്ഥാനസൗകര്യങ്ങളിലുള്ള അപര്യാപ്തതയാണ് സ്‌കൂളില്‍ പോകുന്നതില്‍നിന്ന് അകറ്റുന്നതിനുള്ള പ്രധാന കാരണം. മൂന്ന് കിലോമീറ്ററോളം തകര്‍ന്ന മണ്‍റോഡിലൂടെ നടന്നു വേണം സ്‌കൂളിലെത്താന്‍. കുടിവെള്ള സൗകര്യമോ വൈദ്യുതിയോ കോളനിയിലില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് തണുപ്പ് ഏറെ ഉണ്ടാകുന്നതും ദുരിതം ഇരട്ടിയാക്കുന്നു. ആദിവാസികള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍ വാരിയെറിയുമ്പോഴും അടിസ്ഥാന പ്രശ്‌നമായ വിദ്യാഭ്യാസം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. കോളനിയിലേക്കുള്ള റോഡടക്കമുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കോളനിവാസികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുകയോ വിദ്യാലയങ്ങള്‍ അനുവദിക്കുകയോ ആണ് ഇവരുടെ വിദ്യാഭ്യാസ ആവശ്യത്തിന് മുഖ്യമായും ചെയ്യേണ്ടതെന്ന് ആവശ്യമുയരുന്നു. പട്ടികവര്‍ഗ വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നതും ഏറെ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
രജിസ്റ്ററില്‍ പേര് ചേര്‍ത്തുകഴിഞ്ഞാല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയാലും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ലെന്നും പരാതിയുണ്ട്.

No comments: