2007 മുതല്‍ ഇസ്രായേലിന്റെ കടുത്ത ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സ മേഖലയിലേക്ക് മാനുഷിക ദുരിതാശ്വാസ സാമഗ്രികളുമായി സൈപ്രസില്‍നിന്ന് പുറപ്പെട്ട കപ്പല്‍ വ്യൂഹത്തെ ആക്രമിച്ച് ചുരുങ്ങിയത് പത്തുപേരെ കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്ത ജൂതരാഷ്ട്രത്തിന്റെ കാട്ടാളത്തത്തെ തുറന്നപലപിക്കാന്‍പോലും തയാറാവാതിരുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി ഒരിക്കല്‍കൂടി അതിന്റെ സാമ്രാജ്യത്വ ദാസ്യവും സയണിസ്റ്റ് പ്രേമവും തെളിയിച്ചിരിക്കുന്നു. ഭൂരിഭാഗവും തുര്‍ക്കികളടങ്ങുന്ന 700 അംഗ ദുരിതാശ്വാസസംഘത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ, ഗ്രീസ്, കാനഡ, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള സമാധാന പ്രവര്‍ത്തകരും നൊബേല്‍ പുരസ്കാര ജേതാവും മൂന്നു ജര്‍മന്‍ എം.പിമാരും രണ്ട് ആസ്ത്രേലിയന്‍ പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. കപ്പല്‍വ്യൂഹം മധ്യധരണ്യാഴിയില്‍, ഗസ്സ തീരത്തുനിന്ന് 64 കിലോമീറ്റര്‍ അകലെ എത്തിയ നേരത്ത് ഇസ്രായേലി കമാന്റോകള്‍ യുദ്ധക്കപ്പലുകളിലും ഹെലികോപ്റ്ററുകളിലുമായി വന്ന് സമാധാന പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്്. തുര്‍ക്കിയിലെ ഭരണകക്ഷിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇന്‍സാനി യര്‍ദിം വക്ഫി എന്ന മനുഷ്യാവകാശ സംഘടനയുടെ നിയന്ത്രണത്തിലുള്ള മാവിമര്‍മറക്കുനേരെയാണ് പ്രധാനമായും ആക്രമണം നടന്നത്. കത്തിയും വടിയുമുപയോഗിച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ ആത്മരക്ഷാര്‍ഥം പ്രത്യാക്രമണം നടത്തുകയാണുണ്ടായതെന്ന് സയണിസ്റ്റ് ഭീകരര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആരും അത് മുഖവിലക്കെടുക്കുന്നില്ല. കപ്പലിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തിയെടുത്ത് സര്‍വായുധ സജ്ജരായ ഇസ്രായേലി കമാന്റോകളെ ആക്രമിക്കാന്‍മാത്രം വിഡ്ഢികളാവില്ലല്ലോ ദുരിതാശ്വാസ പ്രവര്‍ത്തകര്‍. കപ്പലുകള്‍ തങ്ങളുടെ ജലാതിര്‍ത്തിയിലേക്ക് കടന്നാല്‍ തടയുക മാത്രമേ തെല്ലെങ്കിലും മനുഷ്യത്വമുണ്ടെങ്കില്‍ പരമാവധി ജൂതരാഷ്ട്രത്തിന് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. പക്ഷേ, സാമാന്യ മാനവിക മൂല്യങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയ പാരമ്പര്യം ഇല്ലാത്ത ഇസ്രായേലിനെക്കുറിച്ച് അങ്ങനെയൊരു പ്രതീക്ഷ അസ്ഥാനത്താണ്. ഉപരോധിത ഗസ്സയിലേക്ക് ആഴ്ചതോറും 15000 ടണ്‍ ആശ്വാസ സാമഗ്രികള്‍ തങ്ങള്‍ കടത്തിവിടുന്നുണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോള്‍ അത് ആവശ്യത്തിന്റെ നാലിലൊന്നുപോലും വരില്ലെന്നാണ് ഐക്യരാഷ്ട്ര സഭ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. വൃദ്ധരും കുഞ്ഞുങ്ങളുമടക്കം ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിന്റെ കൊടുംക്രൂരതയില്‍ മനംനൊന്താണ് പതിനായിരം ടണ്‍ അവശ്യ സാധനങ്ങളുമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യസ്നേഹികള്‍ നിരായുധരായി കപ്പല്‍ കയറി ഗസ്സയിലേക്ക് പുറപ്പെട്ടത്. അവര്‍ ഗസ്സ തീരത്തെത്തി സാധനങ്ങളുടെ വിതരണം നടത്താന്‍ അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ തന്നെ ഇസ്രായേലിന്റെ ഒരുവിധ താല്‍പര്യത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നില്ല. മറിച്ച് നിരന്തരം നടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന സംസ്ഥാപന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നതിന്റെ ലക്ഷണമായി അത് വിലയിരുത്തപ്പെടുമായിരുന്നു.
ഇസ്രായേലിന്റെ ഈ ധാര്‍ഷ്ട്യത്തിന്റെയും ഔദ്ധത്യത്തിന്റെയും സ്രോതസ്സ് അമേരിക്കയുടെ രക്ഷകര്‍തൃത്വമാണെന്നത് സുവിദിതമാണ്. തങ്ങളെന്ത് ചട്ടമ്പിത്തരം കാട്ടിയാലും അമേരിക്കയുടെ സംരക്ഷണം അതിനുണ്ടാവുമെന്ന് ഇസ്രായേലിന്നറിയാം. അമേരിക്കയുടെ പിടിയിലമര്‍ന്ന ഐക്യരാഷ്ട്രസഭക്കാവട്ടെ ഒന്നും ചെയ്യാനാവില്ലെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ദുരിതാശ്വാസ കപ്പല്‍ ആക്രമിച്ച സംഭവത്തിലും ചരിത്രം ആവര്‍ത്തിക്കുകയേ ചെയ്തിട്ടുള്ളൂ. 'അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഗസ്സയിലേക്കുള്ള കപ്പല്‍ വ്യൂഹയാത്രക്കെതിരെ ഇസ്രായേല്‍ നടത്തിയ സൈനിക ഓപറേഷനിടെ ഉണ്ടായ ജീവഹാനിയിലും പരിക്കിലും' സെക്യൂരിറ്റി കൌണ്‍സില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ചു. ചെയ്തികളെ രക്ഷാസമിതി അപലപിക്കുകയും പീഡിതരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നേരായതും നിഷ്പക്ഷവും വിശ്വാസ്യവും സുതാര്യവുമായ ഒരന്വേഷണത്തിനും സമിതി ആവശ്യപ്പെട്ടിരിക്കുന്നു. ഇസ്രായേല്‍ നടത്തിയ നഗ്നമായ ആക്രമണത്തെപ്പറ്റി രക്ഷാസമിതി പറഞ്ഞത് 'സൈനിക ഓപറേഷന്‍' എന്നു മാത്രമാണ്. ആ രാജ്യത്തെ അസന്ദിഗ്ധമായി അപലപിച്ചതുമില്ല. അന്വേഷണം ആര്‍ നടത്തണമെന്നും പറഞ്ഞില്ല. ഇസ്രായേല്‍ പിടിച്ചുവെച്ച കപ്പലുകളെയും സിവിലിയന്മാരെയും വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രം ചെയ്തു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍, അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യ രാഷ്ട്രമായ തുര്‍ക്കിയുടെ നിര്‍ബന്ധത്തിനു വഴങ്ങി, വാക്കുകള്‍ വേണ്ടത്ര മയപ്പെടുത്തി ഒരു പ്രസ്താവന രക്ഷാസമിതി മനമില്ലാ മനസ്സോടെ ഇറക്കുകയായിരുന്നു. കപ്പല്‍ യാത്രക്കാരെ മുഴുവന്‍ ഇസ്രായേല്‍ ബന്ദികളായി പിടിച്ചിട്ടുണ്ട്. അവരെ വിട്ടയപ്പിക്കാനുള്ള ശക്തമായ ഒരിടപെടലും ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അതേയവസരത്തില്‍ നിരാശരും രോഷാകുലരുമായ ഫലസ്തീന്‍ കുട്ടികളില്‍ വല്ലവരും ജൂതപ്പടയുടെ നേരെ കല്ലെറിഞ്ഞാല്‍ 'കൊടുംഭീകരത'ക്കെതിരെ യാങ്കികളുടെ ഇടപെടലുണ്ടാവും, രക്ഷാസമിതി കഠിനമായി അപലപിക്കും! മാനവികതയും നീതിയും ഇത്രമേല്‍ നോക്കുകുത്തിയായ ഒരു കാലം ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. ബറാക് ഒബാമ വൈറ്റ് ഹൌസിലേക്ക് കടന്നുവന്നത് മാറ്റത്തിനുവേണ്ടിയാണെന്ന് ഉദ്ഘോഷിച്ചിരുന്നു. മുസ്ലിം രാജ്യങ്ങളുമായി അടുക്കാന്‍ നടപടികള്‍ ആരംഭിച്ചു എന്നും അവകാശപ്പെട്ടിരുന്നു. പക്ഷേ, വൈറ്റ് ഹൌസ് മുമ്പന്നെത്തെയും പോലെ ഇന്നും സയണിസത്തിന്റെ പിടിയില്‍തന്നെയെന്ന് തിരിച്ചറിയാതിരുന്നിട്ട് കാര്യമില്ല. വൈറ്റ് ഹൌസ് യഹൂദ അധിനിവേശത്തില്‍നിന്ന് മോചിതമാവാതെ ഐക്യരാഷ്ട്രസഭക്കു മുക്തിയോ സ്വാതന്ത്യ്രമോ സമീപഭാവിയിലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
No comments:
Post a Comment